പ്രസംഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

by Kuriakose Niranam 
 
ചിലരുടെ പ്രസംഗം സദസ്സിനെ നിശ്ചലമായി നിർത്താറുണ്ട്. എന്നാൽ ചിലരുടെ പ്രസംഗം സദസ്സിനെ അറുബോറാക്കാറുണ്ട്. പ്രസംഗിക്കുമ്പോൾ നമ്മൾ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്.സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.നല്ല ഒരു പ്രാസംഗികനാകുവാൻ വേണ്ടി എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.

1. പ്രസംഗിക്കുന്നതിന്റെ തലേന്ന് തന്നെ
പ്രസംഗിക്കുന്ന വിഷയത്തെക്കുറിച്ച് ഒരു നോട്ട് തയ്യാറാക്കണം.നോട്ട് ചെയ്ത കാര്യങ്ങൾ പരമാവധി ക്രമം അനുസരിച്ച് തന്നെ പ്രസംഗിക്കണം.നിങ്ങൾ പ്രസംഗിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ആരും കേൾക്കാത്ത പോയിന്റുകൾ ഉണ്ടെങ്കിൽ പ്രത്യേകം നോട്ട് ചെയ്ത് പ്രസംഗിക്കുകയാണെങ്കിൽ അത് സദസ്സ് വളരെ ശ്രദ്ധയോടുകൂടി കേൾക്കും.

2. പ്രസംഗിക്കുന്നതിന്റെ തലേദിവസം ഉറങ്ങാൻ കിടക്കുമ്പോൾ പ്രസംഗിക്കേണ്ട പോയിന്റുകൾ മനസ്സിലൂടെ കടത്തിവിടുക.

3. പ്രസംഗിക്കുന്ന ദിവസം നിങ്ങൾ എനർജറ്റിക്കായിരിക്കണം. ആകർഷണീയമായ മുഖഭാവം ആയിരിക്കണം. ഉദാഹരണമായി പറഞ്ഞാൽ
അലക്ഷ്യമായ മുടിയും രൂപവും പാടില്ല.

4.പ്രസംഗിക്കുന്ന ദിവസത്തെ ഡ്രസ് കോഡ് ആകർഷണീയമായിരിക്കണം.വൈറ്റ് ഡ്രസ്സ് ആയിരിക്കും കൂടുതൽ അഭിലഷണീയം.

5. സ്റ്റേജിൽ എത്തി പ്രസംഗത്തിനായി കാത്തിരിക്കുമ്പോൾ ദീർഘമായ ശ്വാസം എടുക്കുന്നത് ഓക്സിജൻ പ്രയാണം ശരീരത്തിൽ കൂടുന്നതിനും എനർജറ്റിക്ക് ആകുവാനും സഹായിക്കും.

6.സ്റ്റേജിൽ ഇരുന്നുകൊണ്ട് സദസ്സിനെ ആകമാനം നോക്കി മനസ്സ് ഉറപ്പുവരുത്തുക.

7.നിങ്ങൾക്ക് മുമ്പ് ആകർഷണീയമായി പ്രസംഗിക്കുന്നവരെ നോക്കി അനുകരിക്കാം.ആകർഷണീയമല്ലാതെ പ്രസംഗിക്കുന്നവരുടെ കുഴപ്പങ്ങളെ കണ്ട് മനസ്സിലാക്കി ഒഴിവാക്കുക.

8.നിങ്ങൾക്ക് മുൻപ് പ്രസംഗിക്കുന്ന ആളുകളുടെ പ്രസംഗം കേട്ടുകൊണ്ട് ആ പ്രസംഗിക്കുന്ന വ്യക്തിയുടെ നേരെ അല്പം ശരീരം തിരിച്ച് മുഖത്തോട്ട് നോക്കി വലിയ ശ്രദ്ധയോടെ ഇരിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്.അത് പാടില്ല എനർജറ്റിക്കായി നിങ്ങൾ സദസ്സിന് അഭിമുഖമായേ ഇരിക്കാവൂ.

9. നിങ്ങൾക്ക് പ്രസംഗിക്കാനുള്ള ഊഴം വരുമ്പോൾ വളരെ എനർജറ്റിക്കായി നല്ല ശരീരഭാഷയിൽ പ്രസംഗമേശക്ക് അടുത്തേക്ക് വരിക.

10. പ്രസംഗിക്കാൻ പ്രസംഗ മേശയുടെ മുന്നിൽ വരുന്ന ചില ആളുകൾ സഭാകമ്പം മൂലമോ മറ്റോ മൈക്ക് അഡ്ജസ്റ്റ്മെന്റിനു വേണ്ടി കുറച്ച് സമയം കളയാറുണ്ട്.അത് പാടില്ല.പ്രസംഗിക്കുന്നതിനിടയിൽ സ്വാഭാവികമായി തന്നെ അത് അഡ്ജസ്റ്റ് ചെയ്യുക.

11.പ്രസംഗമേശയിൽ നിന്നുകൊണ്ട് പ്രസംഗിക്കുന്നതാണ് കുറച്ചുകൂടി ഉചിതം.
പ്രസംഗത്തിന്റെ പോയിന്റുകൾ എഴുതിയത്
പ്രസംഗമേശയിൽ വെക്കുകയും അത് നോക്കുകയും ചെയ്യാം. പ്രസംഗമേശ ഇല്ലാത്ത അവസരത്തിൽ നിങ്ങളുടെ ശരീരഭാഷ വികലമാക്കാൻ സാധ്യതയുണ്ട്. 

12.പ്രസംഗമേശയുടെ മുന്നിൽ നിൽക്കുമ്പോൾ സദസ്സിനെ ആകമാനം നോക്കുകയും മുഖത്ത് പ്രസന്നഭാവം കൈവരിക്കുകയും വേണം.

13. ചിലർ ചിലപ്പോൾ അല്പം ഉയർന്നിരിക്കുന്നതോ അല്ലെങ്കിൽ അല്പം
താഴ്ന്നിരിക്കുന്നതോ ആയ മൈക്കിലോട്ടു നോക്കിയായിരിക്കും പ്രസംഗിക്കുന്നത്.
അല്പം ദൂരെയാണെങ്കിലും മൈക്ക് നിങ്ങളുടെ ശബ്ദം പിടിച്ചെടുത്തു കൊള്ളും. നിങ്ങളുടെ ശിരസ് നേരെ സദസ്സിനു നേരെയായിരിക്കണം.

14.പ്രസംഗിക്കുന്ന അവസരത്തിൽ ചിലർ
മൂക്ക് തിരുമ്മുകയും ചെവിയിൽ പിടിക്കുകയും ഒക്കെ ചെയ്യാറുണ്ട്.ചിലർ ഇടയ്ക്കിടയ്ക്ക് മൈക്ക് അഡ്ജസ്റ്റ്മെൻറ് ചെയ്യും.ഇതൊന്നും പാടില്ല.

15.കേരളത്തിൽ കാണുന്ന വളരെ മോശമായ ഒരു രീതിയാണ് ഒരു നോട്ടീസും കൊണ്ട് കയറി അതിലുള്ള ആളുകളുടെ പേര് മുഴുവൻ വായിച്ച് ഈ സംബോധന ചെയ്തിട്ട് പ്രസംഗം ആരംഭിക്കുക. പത്തുപേർ പ്രസംഗിക്കാൻ ഉണ്ടെങ്കിൽ പത്തുപേരും ഈ പേര് വായന ആവർത്തിച്ചാൽ എത്ര സമയമാണ് ഓഡിയൻസിനെ ബോറടി ഉണ്ടാക്കുന്നത്.

16.അധ്യക്ഷനെയും ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയേയും മാത്രം സംബോധന ചെയ്തിട്ട്
ബാക്കിയുള്ളവരെ "സദസ്സിലുള്ള മറ്റ് എല്ലാവരും" -എന്ന ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കാം.

17.ഏതു വിഷയത്തെക്കുറിച്ച് ആണോ പ്രസംഗിക്കുന്നത് നല്ല ശബ്ദത്തിൽ സ്ഫുടതയോടെ ആകർഷണീയമായ സ്പീഡിൽ ആയിരിക്കണം പ്രസംഗിക്കേണ്ടത്.

18.ചിലർ പ്രസംഗിക്കുമ്പോൾ സദസ്സിൽ ഇരിക്കുന്ന മറ്റുള്ളവരെ പുകഴ്ത്താറുണ്ട്. കഴിവതും അത് ഒഴിവാക്കണം.

19.ചിലർ പ്രസംഗിക്കുമ്പോൾ സ്വന്തം കാര്യങ്ങളെക്കുറിച്ച് പറയാറുണ്ട് ,അത് ഒഴിവാക്കണം.അതായത് ആത്മപ്രശംസ തോന്നുന്ന കാര്യങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തരുത്.

20. ശരിക്കും അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിക്കരുത്.

21. നിങ്ങൾ പ്രസംഗിക്കുമ്പോൾ സദസ്സ് നിങ്ങളെ സാകൂതം ശ്രദ്ധിക്കുന്നുണ്ടോ എന്ന്
നിങ്ങൾക്ക് നേരിൽ കാണാം.സദസ്സ് അലക്ഷ്യമായിട്ടാണ് ഇരിക്കുന്നതെങ്കിൽ
നിങ്ങളുടെ പ്രസംഗം അവർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം.

22. ചിലർ മൈക്കിന് മുൻപിൽ കയറിയാൽ
പ്രസംഗം അവസാനിപ്പിക്കില്ല.കൂടുതൽ സദസ്സുകളും ബോറടിക്കുന്നതിന്റെ കാരണം ഇതാണ്. അതുകൊണ്ട് നിശ്ചിത സമയം മുൻകൂട്ടി നിശ്ചയിച്ച് ആ സമയത്തിനുള്ളിൽ തന്നെ പ്രസംഗം അവസാനിപ്പിക്കണം.

23.പ്രസംഗം വെറുതെ അർത്ഥശൂന്യമായ കാര്യങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകരുത്. തലേദിവസം തന്നെ മനസ്സിൽ കണക്കാക്കിയ പ്രധാന പോയിന്റുകൾ ആയിരിക്കണം പ്രസംഗിക്കേണ്ടത്.

24.കൂടുതൽ സമയം പ്രസംഗിക്കുന്നത് അല്ല,കുറഞ്ഞ സമയം കൊണ്ട് തന്നെ സദസ്സിനെ നമ്മളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം.

25.ചിലർ പ്രസംഗിക്കാൻ വരുമ്പോൾ തന്നെ തുടക്കത്തിൽ പറയുന്ന ചില കാര്യങ്ങളുണ്ട്. ഉദ: "ഒരുപാട് സമയം പോയി ഞാൻ നിങ്ങളെ പ്രസംഗിച്ചു ബോറടിപ്പിക്കുന്നില്ല"
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കുക. നിങ്ങൾ പ്രധാനപ്പെട്ട പോയിന്റുകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുക്കുക

26. പ്രസംഗിക്കുമ്പോൾ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കഴിവതും ഒഴിവാക്കുക. ചത്തതും കൊന്നതും പീഡനവും ഒക്കെ പരമാവധി പ്രസംഗത്തിൽ നിന്ന് ഒഴിവാക്കുക.

27. പ്രസംഗത്തിൽ കൂടുതൽ മോട്ടിവേഷൻ തോന്നുന്ന കാര്യങ്ങൾ അവതരിപ്പിക്കുക. സമൂഹത്തിൽ നിന്നും വായനയിൽ നിന്നും ഒക്കെ നിങ്ങൾക്ക് കിട്ടിയ അനുഭവങ്ങൾ കൂടി അവതരിപ്പിക്കാം.

28. പ്രസംഗം സരസവും സ്വീകാര്യതയും തോന്നിപ്പിക്കുന്നതായിരിക്കണം.
ഒരു ഉദാഹരണം പറയാം.
ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് പ്രസംഗിക്കുന്നു എന്ന് സങ്കൽപ്പിക്കുക.ഒരു കോൺഗ്രസുകാരനെയും ആകർഷിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കണം അദ്ദേഹത്തിൻ്റെ പ്രസംഗ ശൈലി.

29.പ്രസംഗിക്കുമ്പോൾ നിങ്ങളുടെ ഫോൺ സൈലന്റിലായിരിക്കണം.പ്രസംഗത്തിനിടയിൽ ഫോണിൽ ശ്രദ്ധിക്കരുത്.

30.ചിലർ പ്രസംഗിക്കുന്നത് ഒരു പുസ്തകം വായിക്കുന്നത് പോലെയാണ്.അത് പാടില്ല
നിർത്തി നിർത്തി നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന തീപ്പൊരികളായി പ്രസംഗം മാറണം.

31.പ്രസംഗത്തിനിടയൽ ചിലർ സദസ്സിനോട് ക്ഷമ ചോദിക്കുന്നത്  കണ്ടിട്ടുണ്ട്. അത് ഒഴിവാക്കണം.

32. പ്രസംഗം അവസാനിപ്പിക്കുമ്പോൾ
സദസ്സിനെ ആകമാനം നോക്കി കൈവീശി പുഞ്ചിരിയോടെ വേണം പോകേണ്ടത്.

Popular posts from this blog

Question Tag പഠിക്കാം

ശബ്ദം-എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പഠിക്കാം.